സിനിമയ്ക്കായി അധികതുക കൈക്കലാക്കിയെന്ന നിർമ്മാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ (ഷംസു സൈബ) അറസ്റ്റിലായത്. കരാറിലുളളതിനേക്കാൾ കൂടുതൽ തുക കൈവശപ്പെടുത്തിയെന്നും വിശ്വാസവഞ്ചന കാണിച്ചെന്നും ആരോപിച്ച് ഇന്നലെ രാത്രി തൃപ്പൂണിത്തറ പൊലീസാണ് ഇയാളെ പിടികൂടിയത്.
ഷംസുദ്ദീനെ കൂടാതെ മറ്റ് അഞ്ച് അണിയറ പ്രവർത്തകർക്കെതിരെയും പരാതിയുണ്ടെങ്കിലും നിലവിൽ സംവിധായകൻ മാത്രമാണ് അറസ്റ്റിലായത്. സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്ക് അനുവാദമില്ലാതെ കൈക്കലാക്കിയെന്നും 4 കോടിയോളം രൂപയുടെ വഞ്ചന നടത്തിയെന്നുമാണ് നിർമ്മാതാവിന്റെ ആരോപണം.
എന്നാൽ, ഷൂട്ടിംഗ് സമയത്തെ തർക്കത്തെത്തുടർന്ന് നിർമ്മാതാവ് തന്നോട് പക പോക്കുകയാണെന്നും ചിത്രീകരണ ചെലവുകൾ മാത്രമാണ് താൻ വാങ്ങിയതെന്നുമാണ് ഷംസുദ്ദീൻ പൊലീസിനോട് വ്യക്തമാക്കിയത്.പ്രതിഫലത്തെച്ചൊല്ലി ചിത്രീകരണത്തിനിടെ നിർമ്മാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് സിനിമാട്ടോഗ്രാഫർ ഫെഫ്കയ്ക്ക് (FEFKA) പരാതി നൽകുകയും ചെയ്തിരുന്നു.
റിലീസിന് ശേഷം തുക നൽകാമെന്ന നിർമ്മാതാവിന്റെ ഉറപ്പിന്മേലാണ് അന്ന് അസോസിയേഷൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്.ഷംസു സൈബ സംവിധാനം ചെയ്ത ‘അഭിലാഷം’ (2025) തിയേറ്ററുകളേക്കാൾ ഒടിടിയിലാണ് തരംഗമായത്.
ചിത്രത്തിലെ ‘ഖൽബിനകമേ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറി. നിരൂപക പ്രശംസ നേടിയിട്ടും ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രം ഡിജിറ്റൽ റിലീസിലൂടെയാണ് പ്രേക്ഷകപ്രീതി നേടിയത്.
