യുദ്ധഭീതിയൊഴിയാതെ പശ്ചിമേഷ്യ; വിപണിയിൽ മുന്നേറ്റം
ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നതിനിടെ ആഗോള ഓഹരി വിപണികളിൽ നേട്ടം. ഇന്ത്യൻ വിപണിയും പോസിറ്റീവായി വ്യാപാരം തുടങ്ങാനാണ് സാധ്യത. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം, വെള്ളി വിലകൾ ഉയരുകയാണ്. അതിനിടെ, തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ ദ്വീപ് മൗറീഷ്യസിന് കൈമാറരുതെന്ന് ബ്രിട്ടന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ ആണവ ഭീഷണി നേരിടാൻ ഈ സൈനിക താവളം യുഎസിന് അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. ശനിയാഴ്ചയോടെ ഇറാനിൽ സൈനിക നീക്കം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ല.
യുഎസ്-യുകെ സംയുക്ത നിയന്ത്രണത്തിലുള്ള ഡീഗോ ഗാർഷ്യ ഉൾപ്പെടുന്ന ഷാഗോസ് ദ്വീപസമൂഹം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ നീക്കത്തെ ട്രംപ് എതിർക്കുന്നു. മേഖലയിലെ തന്ത്രപ്രധാനമായ സൈനിക താവളം നിലനിർത്താനാണ് ഈ ഇടപെടൽ.
കൈമാറ്റ കരാറുമായി മുന്നോട്ട് പോയാൽ യുകെയുമായുള്ള വ്യാപാര കരാറുകൾ റദ്ദാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നടപടി ഉടനുണ്ടാകുമെന്ന് സൂചന. വരുന്ന ശനിയാഴ്ചയോടെ ആക്രമണത്തിന് തയ്യാറാണെന്ന് യുഎസ് സേനാ വൃത്തങ്ങൾ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചർച്ചകൾ നടത്തിയെങ്കിലും സൈനിക നീക്കത്തിന്റെ കാര്യത്തിൽ പ്രസിഡന്റ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
മേഖലയിൽ യുഎസും ഇറാനും വൻതോതിൽ സൈന്യത്തെ വിന്യസിച്ചതോടെ യുദ്ധഭീതി വർധിച്ചു. ഇതിനിടെ ഇറാന്റെ ബന്ദർ അബ്ബാസ് തുറമുഖത്ത് നാവിക അഭ്യാസത്തിനായി റഷ്യൻ യുദ്ധക്കപ്പലുകൾ എത്തിയത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
സ്വർണവിലയിൽ റെക്കോർഡ് വർധന
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന് 1,680 രൂപ വർധിച്ച് 1,14,760 രൂപയിലും, ഗ്രാമിന് 210 രൂപ കൂടി 14,345 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ ഔൺസിന് 5,000 ഡോളറിന് അടുത്തേക്ക് വില ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ സാഹചര്യം തുടർന്നാൽ വില ഇനിയും ഉയരാനാണ് സാധ്യത.
