റഷ്യ-യുക്രെയ്ൻ, ഇറാൻ-യുഎസ് സമാധാന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന നിർണ്ണായക ചർച്ചകളിൽ ഒമാനും യുഎസും മധ്യസ്ഥത വഹിച്ചെങ്കിലും ധാരണയിലെത്താനായില്ല. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
യുഎസ് മുന്നോട്ടുവെച്ച ആണവ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചു. ഇതോടെ ഇറാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി.
ജനീവയിൽ നടന്ന സമാധാന ചർച്ചകൾ വെറും രണ്ട് മണിക്കൂറിനുള്ളിൽ പരാജയപ്പെട്ടു. സമാധാനത്തിന് റഷ്യ തയ്യാറല്ലെന്നും യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് അവരുടെ ശ്രമമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
റഷ്യൻ പ്രതിനിധികൾ ചർച്ചയെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില 4% വർധിച്ചു.
ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് 65 ഡോളറിലേക്കും ഉയർന്നു. വാൻസിന്റെയും സെലെൻസ്കിയുടെയും പ്രസ്താവനകൾക്ക് പിന്നാലെയാണ് വിപണിയിൽ ഈ വൻ വർധനയുണ്ടായത്.
മധ്യേഷ്യയിൽ യുദ്ധം തുടങ്ങിയാൽ എണ്ണവില 70 ഡോളറിന് മുകളിലേക്ക് കുതിക്കും. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതിയിലാണ് ലോകം.
അമേരിക്കയും ഇറാനും നേരിട്ട് ഏറ്റുമുട്ടിയാൽ ക്രൂഡ് ഓയിൽ വില നിയന്ത്രണാതീതമായി ഉയരാൻ സാധ്യതയുണ്ട്.റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ചർച്ചകൾ പാളിയതും ഉപരോധം തുടരുന്നതും എണ്ണവില വർധിപ്പിക്കുന്നു. ആഗോള സംഘർഷങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ ലോകം ആശ്രയിക്കുകയാണ്.
ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,000 ഡോളർ എന്ന റെക്കോർഡ് കടന്ന് മുന്നേറുന്നു.വില കുറഞ്ഞ സമയത്തെ അമിത വാങ്ങലും (Dip Buying) സ്വർണവില ഉയരാൻ കാരണമായി.
പണപ്പെരുപ്പം 2 ശതമാനത്തിന് താഴെ എത്താതെ ഉടൻ പലിശനിരക്ക് കുറയ്ക്കേണ്ടതില്ലെന്നാണ് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ നിലപാട്. ഈ വർഷാവസാനം മാത്രമേ പലിശ കുറയ്ക്കാൻ സാധ്യതയുള്ളൂ എന്ന സൂചന നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നു.
യുഎസ് ഫെഡറൽ റിസർവിൽ പലിശ കുറയ്ക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമാണ്. ട്രംപ് അനുകൂലികളായ അംഗങ്ങൾ പലിശ ഉടൻ കുറയ്ക്കണമെന്ന് വാദിക്കുമ്പോൾ, പണപ്പെരുപ്പം കുറയുന്നതുവരെ കാത്തിരിക്കാമെന്നാണ് ചെയർമാൻ പവലിന്റെ നിലപാട്.
പലിശ കുറച്ചില്ലെങ്കിൽ ഡോളർ കരുത്താർജിക്കുകയും ഇത് സ്വർണവിലയുടെ കുതിപ്പിന് തടയിടുകയും ചെയ്തേക്കാം.
യുഎസ് ഡോളർ സൂചിക 0.44% ഉയർന്ന് 97.70-ൽ എത്തിയത് സ്വർണ്ണത്തിന് തിരിച്ചടിയായി. ഡോളർ ഇത്രത്തോളം ശക്തിപ്പെട്ടില്ലായിരുന്നെങ്കിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഇതിലും വലിയ ഉയരങ്ങളിലേക്ക് എത്തുമായിരുന്നു.അടുത്ത യുഎസ് ഫെഡ് ചെയർമാനായി കെവിൻ വാർഷ് ചുമതലയേൽക്കുന്നതോടെ പലിശനിരക്ക് കുറയാൻ സാധ്യതയുണ്ട്.
ഇത് ഡോളറിനെ ദുർബലപ്പെടുത്തുകയും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 6,000 ഡോളർ വരെ ഉയർത്തുകയും ചെയ്തേക്കാം. യുദ്ധസമാനമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താൽ കേരളത്തിൽ പവൻ വില പണിക്കൂലിയില്ലാതെ തന്നെ 1.50 ലക്ഷം രൂപ വരെ എത്താനാണ് സാധ്യത.
