ന്യൂഡൽഹിയിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പിന്മാറി. മുഖ്യപ്രഭാഷകനായി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് അദ്ദേഹം തന്റെ സന്ദർശനം റദ്ദാക്കിയത്.
ബിൽ ഗേറ്റ്സിന് പകരം ഫൗണ്ടേഷൻ പ്രതിനിധി അങ്കുർ വോറ ഡൽഹിയിലെ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ അറിയിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഫൗണ്ടേഷൻ പൂർണ്ണമായും സഹകരിക്കുമെന്നും എക്സ് (X) പോസ്റ്റിലൂടെ അവർ വ്യക്തമാക്കി.
എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ പേരുൾപ്പെട്ടതും പീഡനാരോപണങ്ങളും പുറത്തുവന്നതാണ് ബിൽ ഗേറ്റ്സിന്റെ പിന്മാറ്റത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ചൈനീസ് ‘റോബോ ഡോഗിനെ’ ഇന്ത്യൻ നിർമിതമെന്ന പേരിൽ പ്രദർശിപ്പിച്ചതും മോശം സംഘാടനവും ഉച്ചകോടിയെ വിവാദത്തിലാക്കിയിട്ടുണ്ട്.എഐ ഉച്ചകോടി കേന്ദ്ര സർക്കാരിന്റെ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
മോശം സംഘാടനവും ചൈനീസ് റോബോട്ട് വിവാദവും ലോകത്തിന് മുന്നിൽ രാജ്യത്തെ പരിഹാസപാത്രമാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.
