ജനീവയിൽ നടന്ന റഷ്യ-ഉക്രൈൻ സമാധാന ചർച്ചകൾ ഫലമില്ലാതെ അവസാനിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്താനായില്ലെന്നും റഷ്യ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്നും ഉക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി ആരോപിച്ചു.
ചില കാര്യങ്ങളിൽ ധാരണയായെങ്കിലും നിർണ്ണായക വിഷയങ്ങളിൽ ഇരുപക്ഷവും ഇപ്പോഴും വ്യത്യസ്ത നിലപാടുകളിലാണ്.
സപോറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം, റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ എന്നീ വിഷയങ്ങളിൽ തർക്കം തുടരുന്നതിനാൽ ചർച്ചകൾ സങ്കീർണ്ണമാണെന്ന് സെലൻസ്‌കി വ്യക്തമാക്കി. എങ്കിലും വെടിനിർത്തൽ നടപ്പാക്കുന്നതിനായുള്ള ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു
.റഷ്യ-ഉക്രൈൻ യുദ്ധം അഞ്ച് വർഷം പിന്നിടുമ്പോഴും സമാധാനം അകലെയാണ്. അധികാരമേറ്റാൽ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾക്കും കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ചർച്ചകൾ തുടരുന്നതിനിടെയും 126 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ഉക്രൈനിൽ അതിശക്തമായ ആക്രമണം തുടരുകയാണ്.
