എപ്സ്റ്റീൻ കേസിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട് ബാറ്റണെ പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പൊതുരംഗത്തെ മോശം പെരുമാറ്റത്തിനുമാണ് വ്യാഴാഴ്ച രാവിലെ വിൻഡ്സറിൽ വെച്ച് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നോർഫോക്കിലെ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ വെച്ച് തേംസ് വാലി പോലീസ് കസ്റ്റഡിയിലെടുത്ത ആൻഡ്രൂ നിലവിൽ പോലീസ് കാവലിലാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മറ്റ് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തായതോടെ ആൻഡ്രൂ നേരത്തെ തന്നെ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.
വിവാദങ്ങളെത്തുടർന്ന് അദ്ദേഹത്തിന് തന്റെ ‘ഡ്യൂക്ക് ഓഫ് യോർക്ക്’ പദവികൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയാണ്.
എപ്സ്റ്റീനുമായി വഴിവിട്ട ബന്ധമില്ലെന്നും തെറ്റായൊന്നും ചെയ്തിട്ടില്ലെന്നുമാണ്ആൻഡ്രൂവിന്റെ നിലപാട്.
എപ്സ്റ്റീൻ വിവാദ പശ്ചാത്തലത്തിൽ ആൻഡ്രൂവിന്റെ രാജകീയ പിന്തുടർച്ചാവകാശം റദ്ദാക്കണമെന്ന് യോർക്ക് എം.പി റേച്ചൽ മാസ്കെൽ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് സിംഹാസനത്തിൽ അവകാശമില്ലെന്നും പദവികളിൽ നിന്ന് പൂർണ്ണമായും നീക്കണമെന്നുമാണ് ലേബർ എം.പിയുടെ നിലപാട്.
