തൊണ്ടിമുതൽ കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്തെ അയോഗ്യത മാറുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയും ചെയ്യൂ.

സെഷൻസ് കോടതി അപ്പീൽ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം.മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി വിദേശിയെ രക്ഷിച്ചതിനാണ് ആന്റണി രാജുവിന് മൂന്ന് വർഷം തടവും പിഴയും വിധിച്ചത്. ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തുന്ന പ്രവർത്തിയാണ് അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹം ചെയ്തതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഈ പ്രവൃത്തി വെറും ക്രമക്കേടല്ല, നീതി നടപ്പാക്കുന്നത് ബോധപൂർവം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് കോടതി നിരീക്ഷിച്ചു. അന്ന് നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടുവെന്നും വിധിപ്പകർപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

1990-ൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയക്കാരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ ആന്റണി രാജുവും കോടതി ക്ലർക്കും ചേർന്ന് കൃത്രിമം കാട്ടിയെന്നാണ് കേസ്. പ്രതിയുടെ അടിവസ്ത്രം മുറിച്ചു ചെറുതാക്കി കോടതിയിൽ തെറ്റായ തെളിവ് നൽകി ശിക്ഷ ഒഴിവാക്കാൻ ശ്രമിച്ചുവെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *