ട്രംപിന്റെ റെസിപ്രോക്കൽ താരിഫ് റദ്ദാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതി വിധി വന്നെങ്കിലും, പ്രായോഗികതലത്തിൽ അത് ഇനിയും നടപ്പിലായിട്ടില്ല. നിയമപരമായ മാറ്റങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ, ഇറക്കുമതിക്കാർ ഇപ്പോഴും പഴയ ഉയർന്ന തീരുവ തന്നെയാണ് നൽകുന്നത്.
വിധി വന്നിട്ടും കസ്റ്റംസ് നടപടികളിൽ മാറ്റം വരാത്തത് വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.യുഎസ് സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ട്രംപിന്റെ ‘റെസിപ്രോക്കൽ താരിഫ്’ പിൻവലിക്കാൻ സിബിപി (CBP) കാലതാമസം വരുത്തുന്നത് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
അവരുടെ കാർഗോ സിസ്റ്റം മാനേജ്മെന്റ് സർവീസ് പുതുക്കാത്തതിനാൽ ഇറക്കുമതിക്കാർ ഇപ്പോഴും പഴയ നിരക്കിൽ നികുതി ഒടുക്കാൻ നിർബന്ധിതരാകുന്നു.
അതേസമയം, കോടതി വിധിക്ക് പിന്നാലെ ട്രംപ് പ്രഖ്യാപിച്ച പുതിയ 15% ആഗോള തീരുവ ഉൾപ്പെടുത്തി സിസ്റ്റം പരിഷ്കരിക്കാനുള്ള നടപടികളിലാണ് തങ്ങളെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം. ഇതോടെ ഫെബ്രുവരി 24-ഓടെ മാത്രമേ പുതിയ നികുതി നിരക്കുകൾ നിലവിൽ വരൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
