അതിശക്തമായ ശീതക്കൊടുങ്കാറ്റിൽ അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകൾ സ്തംഭിച്ചു. റെക്കോർഡ് മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരജീവിതം ദുസ്സഹമായതോടെ ഗതാഗതവും വൈദ്യുതി വിതരണവും പൂർണ്ണമായും തടസ്സപ്പെട്ടു.

കാറ്റിന്റെ വേഗത കുറഞ്ഞാലും ജനജീവിതം സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.വിർജീനിയ മുതൽ മസാച്യുസെറ്റ്സ് വരെയുള്ള മേഖലകളിൽ അതിശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് നാല് കോടിയിലധികം ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ മഞ്ഞ് മൂടിയതോടെ സ്കൂളുകൾ അടയ്ക്കുകയും ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

യാത്രകൾ ഒഴിവാക്കാനും സുരക്ഷിതരായിരിക്കാനും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.നാഷണൽ വെതർ സർവീസിന്റെ റിപ്പോർട്ട് പ്രകാരം ലോംഗ് ഐലൻഡിൽ 22 ഇഞ്ചിലധികം കനത്തിൽ മഞ്ഞുവീഴ്ചയുണ്ടായി.

മോശം കാലാവസ്ഥയെത്തുടർന്ന് പതിനായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ന്യൂജേഴ്‌സിയിൽ മാത്രം 90,000 വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.

ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ന്യൂജേഴ്സിക്ക് പുറമെ ഡെലവെയർ, മേരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിലും പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. ശീതക്കൊടുങ്കാറ്റ് ഈ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.

അമേരിക്കയെ പിടിച്ചുകുലുക്കിയ ഈ പ്രതിഭാസത്തെ ഗവേഷകർ ‘ബോംബ് സൈക്ലോൺ’ എന്നാണ് വിശേഷിപ്പിക്കുന്നത്. അന്തരീക്ഷ മർദ്ദം 24 മണിക്കൂറിനുള്ളിൽ 24 മില്ലിബാറിലധികം വേഗത്തിൽ താഴുന്നതോടെയാണ് ഇത്തരം അതിശക്തമായ കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത്.

ഇതൊരു സാധാരണ ശൈത്യകാല പ്രതിഭാസമല്ലെന്നും, അപൂർവ്വവും അത്യന്തം അപകടകരവുമായ അന്തരീക്ഷ വ്യതിയാനമാണെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിൽ നിന്നുള്ള അതിശൈത്യമുള്ള ‘ആർട്ടിക് വായു’ അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിലേക്ക് എത്തിയതാണ് ഈ കൊടുങ്കാറ്റിനെ ഇത്രത്തോളം രൂക്ഷമാക്കിയത്. കൊടുങ്കാറ്റിന് മുൻപേ താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തിയതോടെ പെയ്ത മഴ മുഴുവൻ ഐസായി മാറി. ഈ അതിശക്തമായ മഞ്ഞുവീഴ്ചയാണ് മേഖലയെ പൂർണ്ണമായും സ്തംഭിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *