തൃശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് യുവാവും കുടുംബവും രംഗത്ത്. മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ടൈൽസ് തൊഴിലാളിയായ സനൂപിനാണ് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. സ്വന്തമായി ബൈക്ക് ഓടിച്ചു വന്ന യുവാവിന്റെ കാഴ്ച പോയത് അധികൃതരുടെ ക്രൂരമായ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു.
കാനുല ഇട്ട ഭാഗത്തെ വേദനയും തടിപ്പും നഴ്സുമാരെ അറിയിച്ചിട്ടും ഗൗനിച്ചില്ലെന്ന് സനൂപിന്റെ കുടുംബം ആരോപിക്കുന്നു. ഇതേത്തുടർന്നുണ്ടായ ഗുരുതരമായ അണുബാധ സനൂപിനെ അബോധാവസ്ഥയിലാക്കി.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് യുവാവിന്റെ കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.ശസ്ത്രക്രിയയ്ക്കായി സനൂപിന്റെ വിരലടയാളം നിർബന്ധപൂർവ്വം പതിപ്പിച്ചതായും, എഴുത്തും വായനയും അറിയാത്ത അമ്മയെക്കൊണ്ട് സമ്മതപത്രത്തിൽ ഒപ്പിടുവിച്ചതായും കുടുംബം പരാതിപ്പെടുന്നു.
മകന്റെ രണ്ട് കണ്ണുകളും നീക്കം ചെയ്യാനാണ് താൻ അനുമതി നൽകുന്നതെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരുടെ വഞ്ചനയും അനാസ്ഥയുമാണ് സനൂപിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
