താമരശ്ശേരി: വയോധികൻ മാത്രമുള്ള വീട്ടിൽ സഹായം ചോദിച്ചെത്തി ചെരിപ്പുമായി കടന്നുകളഞ്ഞ വഴിപോക്കന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചുണ്ടക്കുന്നുമ്മൽ റിട്ട. അധ്യാപകൻ അബദുറഹ്മാന്റെ വീട്ടിലാണ് വിചിത്രമായ മോഷണം നടന്നത്.
പച്ചക്കറി കച്ചവടക്കാരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയയാൾ, വീട്ടുടമ പണമെടുക്കാൻ അകത്തുപോയപ്പോൾ മുറ്റത്തിരുന്ന വിലകൂടിയ ചെരിപ്പ് സ്വന്തം കാലിലിട്ട് പാകമാണോ എന്ന് നോക്കി.
പിന്നീട് കുടിക്കാൻ വെള്ളം ചോദിക്കുകയും, അബദുറഹ്മാൻ വെള്ളമെടുക്കാൻ പോയ തക്കത്തിന് സ്വന്തം പഴയ ചെരിപ്പ് പറമ്പിലേക്ക് എറിഞ്ഞ് പുതിയ ചെരിപ്പ് ധരിക്കുകയുമായിരുന്നു. വീട്ടുടമ നൽകിയ 50 രൂപയും വാങ്ങി, വെള്ളവും കുടിച്ച്, മുറ്റത്തെ റംബുട്ടാൻ പഴവും പറിച്ചാണ് കള്ളൻ സ്ഥലംവിട്ടത്. സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

