ക്യൂബൻ തീരത്ത് സമുദ്രാതിർത്തി ലംഘിച്ചെത്തിയ യുഎസ് ബോട്ടിന് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ തീരത്തെ ദ്വീപിന് സമീപം നടന്ന ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ക്യൂബൻ സേന അറിയിച്ചു.

യുഎസ് ബോട്ടിലുള്ളവർ ആദ്യം ക്യൂബൻ കോസ്റ്റ് ഗാർഡിന് നേരെ വെടിയുതിർത്തെന്നും, ഇതിന് മറുപടിയായാണ് തങ്ങൾ വെടിവെച്ചതെന്നും ക്യൂബൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വയംരക്ഷാർത്ഥമാണ് സൈന്യം നടപടിയെടുത്തതെന്നാണ് ക്യൂബയുടെ വിശദീകരണം.

വില്ല ക്ലാരയിലെ ഫാൽക്കൺസ് കേയിൽ വെച്ച് ഫ്ലോറിഡ രജിസ്‌ട്രേഷനുള്ള ബോട്ട് പരിശോധിക്കാനെത്തിയ കോസ്റ്റ് ഗാർഡിന് നേരെ വെടിവെപ്പുണ്ടായി. കമാൻഡർക്ക് പരിക്കേറ്റതോടെ ക്യൂബൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർ അമേരിക്കൻ പൗരന്മാരാണോ എന്നതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ബോട്ടിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണെന്നോ അവരുടെ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ക്യൂബൻ സർക്കാർ അറിയിച്ചു. ഇവരുടെ ലക്ഷ്യത്തെക്കുറിച്ചും രാജ്യത്തെത്തിയ സാഹചര്യത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ വസ്തുതകൾ പരിശോധിച്ചു വരികയാണെന്നും ബോട്ടിലുണ്ടായിരുന്നത് അമേരിക്കൻ ഉദ്യോഗസ്ഥരല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

തുറന്ന കടലിൽ വെടിവെപ്പുണ്ടാകുന്നത് സ്വാഭാവികമല്ലെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കപ്പൽ വിട്ടുനൽകണമെന്നും അമേരിക്കൻ പൗരന്മാരാണെങ്കിൽ അവർക്ക് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. ക്യൂബയുടെ റിപ്പോർട്ടുകളെ ആശ്രയിക്കാതെ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി.

വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണം തടഞ്ഞതും ഉപരോധങ്ങളും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ഈ വെടിവെപ്പ്.

Leave a Reply

Your email address will not be published. Required fields are marked *