തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ളതാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. വീഡിയോയിൽ വെളിപ്പെടുത്തിയത് പ്രായപൂർത്തിയായവരുടെ പേരുകൾ മാത്രമാണെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും അവർ വ്യക്തമാക്കി.
ബിജെപി കൗൺസിലർ കൂടിയായ ശ്രീലേഖ, പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളുണ്ടെന്നും ആരോപിച്ചു.
33 വർഷത്തെ പോലീസ് സേവനവും ‘നിർഭയ’ പദ്ധതിയുടെ നോഡൽ ഓഫീസർ ചുമതലയും വഹിച്ച തനിക്ക് പോക്സോ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ആർ. ശ്രീലേഖ. 2020-21 കാലയളവിൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയുടെ പേരിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രവർത്തിച്ച തന്നെ മനഃപൂർവം വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു.
കിളിരൂർ കേസ് തന്റെ നേതൃത്വത്തിൽ അന്വേഷിച്ച് പ്രതികളെ ശിക്ഷിച്ചതാണെന്ന് ആർ. ശ്രീലേഖ വ്യക്തമാക്കി. കേസിൽ മരിച്ച പെൺകുട്ടിക്ക് 2003-ൽ ഇരുപത് വയസ്സിനോടടുത്തായിരുന്നു പ്രായമെന്നും, അതിനാൽ ‘മൈനർ’ അല്ലാത്തതിനാൽ പോക്സോ നിയമം ബാധകമാകില്ലെന്നുംഅവർ ചൂണ്ടിക്കാട്ടി.
വസ്തുതകൾ ഇതായിരിക്കെ തനിക്കെതിരെ കേസെടുത്തത് നിയമപരമായി നിലനിൽക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.അതിജീവിതർക്ക് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാനാണ് പേര് വെളിപ്പെടുത്തരുതെന്ന് നിയമം പറയുന്നതെന്ന് ആർ. ശ്രീലേഖ ചൂണ്ടിക്കാട്ടി.
എന്നാൽ, വർഷങ്ങൾക്ക് മുമ്പ് മരിച്ച വ്യക്തിയുടെ വിവരങ്ങൾ മാധ്യമങ്ങളിലും വിക്കിപീഡിയയിലും പരസ്യമായ ശേഷമാണ് താൻ വീഡിയോ ചെയ്തതെന്നും അവർ വിശദീകരിച്ചു.
മരിച്ച വ്യക്തിയുടെ പേര് പരാമർശിച്ചതിൽ നിയമലംഘനമില്ലെന്നാണ് അവരുടെ വാദം.വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോയുടെ പേരിൽ ഇപ്പോൾ കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആർ. ശ്രീലേഖ ആരോപിച്ചു. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ ‘വ്യക്തിഹത്യ’ നടക്കുന്നതെന്നും അവർ പറഞ്ഞു.
ഒരു മനുഷ്യാവകാശ അഭിഭാഷകൻ നൽകിയ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഇരകളുടെ കുടുംബാംഗങ്ങൾക്ക് പരാതിയില്ലെന്നതും ശ്രദ്ധേയമാണെന്ന് അവർ കൂട്ടിച്ചേർത്തു.സ്ത്രീയും അമ്മയും മുൻ പോലീസ് ഉദ്യോഗസ്ഥയുമെന്ന നിലയിൽ അതിജീവിതർക്ക് ദോഷകരമായ ഒന്നും ചെയ്യില്ലെന്ന് ആർ. ശ്രീലേഖ.
സ്ത്രീകൾക്കെതിരായ നിരവധി കേസുകൾ തെളിയിച്ച തനിക്കെതിരെ പോക്സോ കേസ് നിലനിൽക്കില്ലെന്നും അന്വേഷണത്തിൽ സത്യം തെളിയുമെന്നും അവർ ആവർത്തിച്ചു.സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്.
നിർഭയ, കിളിരൂർ-കവിയൂർ, സൗമ്യ വധക്കേസ്, പെരുമ്പാവൂർ ജിഷ കേസ് തുടങ്ങിയവയിലെ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് ആരോപണം. വിവിധ കേസുകളിലെ സെൻസിറ്റീവ് വിവരങ്ങൾ പുറത്തുവിട്ടതിനെതിരെയാണ് ഈ നടപടി.
