രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ജമ്മു കശ്മീർ കന്നി കിരീടം സ്വന്തമാക്കി. ഹുബ്ലിയിൽ നടന്ന ഫൈനലിൽ എട്ടുതവണ ചാമ്പ്യന്മാരായ കർണാടകയെ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കശ്മീർ മറികടന്നത്.
ജമ്മു കശ്മീർ ഉയർത്തിയ 584 റൺസിനെതിരെ കർണാടകയുടെ പോരാട്ടം 293-ൽ അവസാനിച്ചു. 291 റൺസിന്റെ കൂറ്റൻ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കശ്മീർ, അഞ്ചാം ദിനം കളി നിർത്തുമ്പോൾ 4 വിക്കറ്റിന് 342 റൺസെടുത്തിരുന്നു.
ഇതോടെ മത്സരം സമനിലയിൽ കലാശിക്കുകയും നിയമപ്രകാരം കശ്മീരിനെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു.അപരാജിത സെഞ്ച്വറികളാണ് ജമ്മു കശ്മീരിന്റെ വിജയം ഉറപ്പിച്ചത്.
നേരത്തെ ആദ്യ ഇന്നിങ്‌സിൽ ശുഭം പുന്ദിർ (121), യാവർ ഹസൻ (88), സാഹിൽ ലോത്ര (72) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 584 റൺസ് നേടിയ കശ്മീർ, ആക്വിബ് നബിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ കർണാടകയെ തകർത്തു. പരാസ് ദോഗ്രയും (70) വാധ്വാനും (70) ആദ്യ ഇന്നിങ്‌സിൽ നിർണ്ണായക സംഭാവനകൾ നൽകി.
