ഇറാൻ തൊടുത്തുവിട്ട 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും യുഎഇ വിജയകരമായി വെടിവച്ചിട്ടു. യുദ്ധത്തിനിടയിലും അതീവ ജാഗ്രതയോടെ മണിക്കൂറിൽ 48 വിമാന സർവീസുകൾ ക്രമീകരിച്ച് വ്യോമഗതാഗതം സാധാരണ നിലയിലാക്കാനും അധികൃതർക്ക് സാധിച്ചു.
ആക്രമണങ്ങളെ ആകാശത്തുവെച്ചുതന്നെ തകർക്കാൻ യുഎഇ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആയിരത്തിലേറെ ആക്രമണങ്ങൾ നേരിട്ടിട്ടും സമാധാനപരമായ സഹവർത്തിത്വം മുൻനിർത്തി ഇറാനെതിരെ പ്രത്യാക്രമണത്തിന് യുഎഇ മുതിർന്നിട്ടില്ല. അയൽരാജ്യങ്ങളുമായുള്ള സമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ മണ്ണ് ഇറാനെതിരായ നീക്കങ്ങൾക്ക് വിട്ടുനൽകില്ലെന്ന നിലപാടിലാണ് രാജ്യം.
ഇറാനെതിരായ നീക്കങ്ങൾക്കായി തങ്ങളുടെ മണ്ണോ വ്യോമപാതയോ ഉപയോഗിക്കാൻ യുഎഇ അനുമതി നൽകിയിട്ടില്ല. സമാധാനപരമായ നിലപാട് തുടരുമ്പോഴും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി രാജ്യത്തെ സംരക്ഷിക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്നും യുഎഇ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ടെഹ്റാനിലും ബെയ്റൂട്ടിലും ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. ഇറാൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർക്ക് നേരെയും ആക്രമണമുണ്ടായി. സുരക്ഷാ ഭീഷണി മുൻനിർത്തി ലബനനിൽ നിന്നും ഇറാനിൽ നിന്നും എത്രയും വേഗം മടങ്ങാൻ അമേരിക്കൻ പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി.
