കൊല്ലം: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് രണ്ട് ഇടനിലക്കാരുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരസ്യം പരിശോധന നടത്തി. പുളിയത്തുമുക്ക് സ്വദേശിനി ശ്രീജ, കൊല്ലം സ്വദേശി സുധീർ എന്നിവരുടെ വീടുകളിലാണ് ഇ.ഡി. ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളാണിവർ. അവയവദാനത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നതായുള്ള സൂചനകളെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി. പരിശോധനയിൽ നിർണായക സാമ്പത്തിക രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇ.ഡി. പിടിച്ചെടുത്തതായാണ് വിവരം. കേസിലെ വിദേശ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

