പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് ഇറാനെ ആക്രമിക്കാൻ അനുയോജ്യമായ സൈനിക സാഹചര്യം ഒത്തുവന്നതെന്ന് ഇസ്രായേൽ അംബാസഡർ റൂവൻ അസർ.
മോദിയുടെ സന്ദർശന വേളയിൽ ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് പദ്ധതിയോ അറിവോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായുള്ള സൈനിക തയ്യാറെടുപ്പുകൾക്ക് ഒടുവിൽ പെട്ടെന്നുണ്ടായ ഒരു സാഹചര്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുംഅദ്ദേഹം വെളിപ്പെടുത്തി.
പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ശേഷമാണ് ഇറാനെതിരായ ആക്രമണം ഒരു ‘ഓപ്പറേഷണൽ അവസരമായി’ മാറിയതെന്ന് റൂവൻ അസർ വ്യക്തമാക്കി. സന്ദർശന വേളയിൽ പ്രാദേശിക വികസനത്തെക്കുറിച്ച് മാത്രമാണ് മോദിയുമായി ചർച്ച ചെയ്തതെന്നും അന്നേരം ആക്രമണത്തെക്കുറിച്ച് സൂചനയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിനെ അഭിസംബോധന ചെയ്ത മോദി, ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയുടെ പരമ്പരാഗത ഫലസ്തീൻ അനുകൂല നിലപാടിൽ മാറ്റം വരുത്തിയതും ശ്രദ്ധേയമായി.ഇസ്രായേൽ സന്ദർശനത്തിനിടെ പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 17 നിർണ്ണായക കരാറുകളിൽ പ്രധാനമന്ത്രി മോദി ഒപ്പുവെച്ചു.
മോദി മടങ്ങി രണ്ടു ദിവസത്തിനുള്ളിൽ ഇസ്രായേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിക്കുകയും ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെടുകയും ചെയ്തു.
ഇതിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യ യുദ്ധക്കളമായി മാറുകയും സംഘർഷം ആഴ്ചകളോളംനീണ്ടുനിൽക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 787 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. രാജ്യത്തെ 153 നഗരങ്ങളെ ലക്ഷ്യമിട്ട് നടന്ന ആയിരത്തിലധികം ആക്രമണങ്ങളിൽ നിരവധി സൈനിക-രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.
തിരിച്ചടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേലിലും അയൽരാജ്യങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
