ഹോർമുസ് കടലിടുക്ക് അടച്ചതോടെ 37 ഇന്ത്യൻ കപ്പലുകളും ആയിരത്തിലേറെ നാവികരും ഗൾഫ് കടലിൽ കുടുങ്ങി. സംഘർഷത്തിനിടെ വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു.
നിലവിൽ കപ്പലുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ 37 ഇന്ത്യൻ കപ്പലുകളിലായി 1109 നാവികരുണ്ട്.
അസംസ്കൃത എണ്ണ, എൽഎൻജി, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുമായി ഇന്ത്യൻ തുറമുഖങ്ങളിലേക്ക് വരികയായിരുന്ന കപ്പലുകളാണിവ. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിർണായക ഇന്ധനനീക്കമാണ് ഇതോടെ തടസ്സപ്പെട്ടിരിക്കുന്നത്.
ഷിപ്പിങ് മന്ത്രാലയം പ്രത്യേക ദ്രുതകർമ്മ സേന രൂപീകരിച്ച് നാവികരുടെ കുടുംബങ്ങൾക്കായി ഹെൽപ്ലൈൻ നമ്പറുകൾ കൈമാറി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും തുടർനീക്കങ്ങളിൽ വ്യക്തതയില്ല. എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ നാവികരുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
