ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎഇയും സൗദിയും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലും നടത്തുന്ന നീക്കങ്ങളിൽ പങ്കാളികളല്ലെന്നും തങ്ങളുടെ വ്യോമ-കര പാതകൾ ആക്രമണത്തിനായി വിട്ടുനൽകില്ലെന്നും ഗൾഫ് രാജ്യങ്ങൾ ആവർത്തിച്ചു.
നിലവിൽ സമാധാനം നിലനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഭരണാധികാരികൾ വ്യക്തമാക്കി.
യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മിസൈലുകൾ ഗൾഫ് രാജ്യങ്ങളിലേക്കും പതിക്കുകയാണ്. തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായി ഇതിനെ കാണുന്ന ഗൾഫ് സൈന്യം, അതിർത്തി കടന്നുവരുന്ന മിസൈലുകളെ ശക്തമായി പ്രതിരോധിക്കുന്നു.
ഇറാൻ തൊടുക്കുന്ന മിസൈലുകൾ ഗൾഫ് രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ പതിക്കുന്നത് മേഖലയിലെ സമാധാനം തകർത്തിരിക്കുകയാണ്. വ്യോമഗതാഗതം തടസ്സപ്പെടുകയും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ജനജീവിതത്തെ ഭീതിയിലാഴ്ത്തുകയും ചെയ്തു.
സമാധാനാന്തരീക്ഷം പാടേ തകർന്നതോടെ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്.യുദ്ധത്തിൽ യാതൊരു പങ്കുമില്ലാതിരുന്നിട്ടും ഗൾഫിലെ സാധാരണക്കാരായ പ്രവാസികൾ പരുക്കേൽക്കുന്നതും ആശുപത്രിയിലാകുന്നതും തുടരുകയാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും, അതിർത്തി കടന്നുവരുന്ന വെടിയൊച്ചകളും ഭീഷണിയും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഗൾഫ് രാജ്യങ്ങൾ.
സ്വന്തം ജനത ശിക്ഷിക്കപ്പെടുന്നത് നോക്കിനിൽക്കാനാവില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.ജി.സി.സി കൗൺസിലിന്റെയും അറബ് ലീഗിന്റെയും സമാധാനാഹ്വാനങ്ങൾ ഇറാൻ തള്ളിയതോടെ ഗൾഫ് രാജ്യങ്ങൾ നിലപാട് കടുപ്പിക്കുകയാണ്.
തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന മുൻ തീരുമാനം ഗൾഫ് രാജ്യങ്ങൾ മാറ്റിയാൽ, ഇറാൻ അതിരൂക്ഷമായ ആക്രമണം നേരിടേണ്ടി വരും. സ്വന്തം സുരക്ഷയ്ക്കായി കേവലം പ്രതിരോധത്തിനപ്പുറം ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് ഭരണകൂടങ്ങളുടെ ആലോചന.
പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ സേനയ്ക്ക് സൈനിക സൗകര്യങ്ങൾ തുറന്നുനൽകുന്നത് ഗൾഫ് രാജ്യങ്ങൾ ആലോചിക്കുന്നു.
ഇറാന്റെ നിരന്തരമായ ആക്രമണങ്ങൾക്കിടെ, നിലവിലെ നിഷ്പക്ഷ നിലപാട് തുടരാനാകില്ലെന്ന് യുഎഇ സൂചിപ്പിച്ചു. ആയിരത്തിലേറെ തവണ ഇറാൻ ആയുധങ്ങൾ യുഎഇക്ക് നേരെ എത്തിയ സാഹചര്യത്തിൽ, സ്വന്തം സുരക്ഷ മുൻനിർത്തി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാനാണ് ഭരണകൂടത്തിന്റെ നീക്കം.
സമാധാനവും അയൽബന്ധവും കാത്തുസൂക്ഷിക്കാൻ യുഎഇ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങൾക്കുനേരെ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ മടിക്കില്ലെന്ന് രാജ്യം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചട്ടങ്ങളും അനുസരിച്ചുള്ള ഈ പ്രതിരോധ അവകാശം വിനിയോഗിക്കുമെന്ന് യുഎഇ പ്രസ്താവിച്ചു.
അമേരിക്കയെ ലക്ഷ്യമിട്ടാണെന്ന പേരിൽ സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ മുഹമ്മദ് ബിൻ സൽമാൻ ശക്തമായി അപലപിച്ചു.
ഇറാനെ ആക്രമിക്കാൻ ഒരു സൗകര്യവും വിട്ടുനൽകിയിട്ടില്ലെന്നും, എന്നിട്ടും തുടരുന്ന ഈ നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ, ഇറാന്റെ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നാണ് ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.
