വടക്കൻ പേർഷ്യൻ ഉൾക്കടലിൽ യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അമേരിക്കൻ, ഇസ്രയേൽ കപ്പലുകളുടെ ഗതാഗതം തടയുമെന്നും, മേഖലയിലൂടെ ഇത്തരം കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി.
ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലായ ‘ഐറിസ് ദേന’യ്ക്ക് നേരെ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ആക്രമണത്തിൽ 148 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു.
അപകടത്തിൽ ഇതുവരെ 87 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് 32 ഇറാനിയൻ നാവികരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും ലങ്കൻ അധികൃതർ വ്യക്തമാക്കി.
ഇറാൻ കപ്പൽ തകർത്തത് തങ്ങളുടെ അന്തർവാഹിനിയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. ടോർപിഡോ ഉപയോഗിച്ചാണ് കപ്പൽ മുക്കിയതെന്നും, ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ ആഗോള സൈനിക ശക്തി തെളിയിക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
