കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി വരുന്ന ആർക്കും നിയമസാധുത ഉണ്ടാകില്ലെന്ന് മുൻ ഷായുടെ മകൻ റെസ പഹ്ലവി.

അധികാരം എത്രയും വേഗം ജനങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പുതിയ നേതാവ് ആരായാലും അവർ ഖമനേയിയുടെ രക്തരൂക്ഷിതമായ ഭരണത്തിന്റെ കൂട്ടുപ്രതികൾ മാത്രമായിരിക്കുമെന്നും എക്സിൽ കുറിച്ചു.

1979-ലെ വിപ്ലവത്തിന് മുമ്പ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റെസ പഹ്ലവി, നിലവിൽ യുഎസിൽ നിന്നുള്ള പ്രധാന പ്രതിപക്ഷ മുഖമാണ്. ഖമനേയിയുടെ മകൻ മുജ്തബ അധികാരം ഏറ്റെടുക്കുമെന്ന സൂചനകൾക്കിടെ, ഇറാനിൽ ഭരണമാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

രാജ്യം അരാജകത്വത്തിലേക്ക് പോകാതിരിക്കാൻ ഒരു ‘പരിവർത്തന ഘട്ടം’ അനിവാര്യമാണെന്നും ഖമനേയിയുടെ വധത്തിൽ ട്രംപിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ഭരണഘടനയനുസരിച്ച് 88 മതപണ്ഡിതന്മാരടങ്ങുന്ന അസംബ്ലി ഓഫ് എക്സ്പെർട്‌സ് ആണ് രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ഇതിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ (IRGC) പിന്തുണ നിർണായകമാകും.

പ്രതിഷേധങ്ങൾ ശക്തമായാൽ മിതവാദിയായ ഒരാളെ പരിഗണിച്ചേക്കാം. പുതിയ നേതാവിനെ നിശ്ചയിക്കും വരെ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിൽ അംഗം എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും താൽക്കാലിക ചുമതല.

Leave a Reply

Your email address will not be published. Required fields are marked *