പശ്ചിമേഷ്യൻ യുദ്ധം കാരണം കേരളത്തിൽ നിന്നുള്ള അരി, പലവ്യഞ്ജന കയറ്റുമതി പൂർണ്ണമായും തടസ്സപ്പെട്ടു. നൂറിലധികം കണ്ടെയ്നറുകൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നതിനാൽ അരിക്കമ്പനികൾക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.

കേരളത്തിൽ നിന്നുള്ള മട്ട അരി കയറ്റുമതി ഒരാഴ്ചയായി നിലച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഗൾഫ് ഉൾപ്പെടെയുള്ള 22 രാജ്യങ്ങളിലേക്ക് അരി എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പവിഴം ഗ്രൂപ്പ് പോലുള്ള സ്ഥാപനങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാണെന്ന് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.

കേരളത്തിൽ നിന്നുള്ള അരി കയറ്റുമതിയുടെ ഭൂരിഭാഗവും കപ്പൽ മാർഗമാണ് നടക്കുന്നത്. നിലവിൽ പവിഴം ഗ്രൂപ്പിന്റെ 40 കണ്ടെയ്നറുകളും മറ്റ് കമ്പനികളുടെ അറുപതിലധികം കണ്ടെയ്നറുകളും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.

കയറ്റുമതി നിലവാരത്തിലുള്ള പായ്ക്കിംഗ് ആയതിനാൽ ഉൽപ്പന്നങ്ങൾ കേടാകില്ലെന്നതാണ് ഏക ആശ്വാസം.കയറ്റുമതിക്കായി മാത്രം പ്രവർത്തിച്ചിരുന്ന പ്രത്യേക പ്ലാന്റുകൾ യുദ്ധം കാരണം അടച്ചുപൂട്ടി. ഇതോടെ ഈ മേഖലയിലെ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും ഉൽപ്പാദനം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *