തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാൻ സിപിഐഎം തീരുമാനിച്ചു. മണ്ഡലത്തിലെ അദ്ദേഹത്തിന്റെ വിജയസാധ്യത കണക്കിലെടുത്താണ് ഈ നീക്കം.
അനുകൂല വിധി വന്നാൽ മത്സരിപ്പിക്കാമെന്ന് സിപിഐഎം നേതൃത്വം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയുള്ള പ്രചാരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനും ഇടതുമുന്നണി ഒറ്റക്കെട്ടായി തീരുമാനിച്ചു.
തിരുവനന്തപുരത്ത് ആന്റണി രാജുവിനുള്ള വിജയസാധ്യതയും പുതിയൊരു സ്ഥാനാർത്ഥിയെ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുമാണ് സിപിഐഎമ്മിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ മുന്നണിക്ക് കഴിയുമെന്നും, ഇത് സംസ്ഥാനവ്യാപകമായി തിരിച്ചടിയുണ്ടാക്കില്ലെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
എന്നാൽ, കോടതി ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കിൽ മാത്രം സീറ്റിന്റെ കാര്യത്തിൽ ബദൽ നീക്കങ്ങളിലേക്ക് കടക്കാനാണ് സിപിഐഎം നിലപാട്.തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കോടതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹം തൊണ്ടിമുതൽ കൈപ്പറ്റിയതെന്നും ആന്റണി രാജുവിന്റെ കൈവശമിരിക്കുമ്പോഴാണ് ഇതിൽ കൃത്രിമം നടന്നതെന്നും പ്രോസിക്യൂഷൻ കഴിഞ്ഞദിവസം ശക്തമായി വാദിച്ചു.
കൃത്രിമം നടന്നത് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്ലാതെയാണെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും വഞ്ചിയൂർ പൊലീസ് കോടതിയെഅറിയിച്ചിട്ടുണ്ട്.
പ്രതിയുടെ കൈവശമിരുന്ന കാലയളവിൽ തൊണ്ടിമുതലിൽ എന്ത് സംഭവിച്ചു എന്നത് അദ്ദേഹത്തിന് മാത്രം അറിയാവുന്ന കാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകർക്കുന്ന ഗൗരവകരമായ കുറ്റകൃത്യമാണിതെന്നും, തൊണ്ടിമുതലിൽ കൃത്രിമംനടന്നുവെന്നത് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
