ഇറാനിലുള്ള ഒൻപതിനായിരത്തോളം ഇന്ത്യക്കാരെ അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി.

വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ തെഹ്‌റാനിലെ ഇന്ത്യൻ എംബസി, പൗരന്മാരോട് അനാവശ്യ യാത്രകൾ ഒഴിവാക്കി വീടിനുള്ളിൽ തന്നെ കഴിയാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

തെഹ്‌റാനിലും ഖോമിലുമായി കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ കരമാർഗം അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികളിൽ എത്തിച്ച് അവിടെനിന്ന് വിമാനമാർഗം നാട്ടിലെത്തിക്കാനാണ് കേന്ദ്ര നീക്കം.

ഇറാൻ വ്യോമപാത അടച്ചതിനാലാണ് ഈ ബദൽ മാർഗം സ്വീകരിക്കുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

വിദേശികൾക്ക് മടങ്ങാനായി തുർക്ക്‌മെനിസ്ഥാൻ അതിർത്തിയിൽ കൂടുതൽ ചെക്ക്‌പോയിന്റുകൾ തുറന്നു. വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്‌സേത്ത് മുന്നറിയിപ്പ് നൽകി.

തെഹ്‌റാനിൽ നിന്ന് ഖോമിലെത്തിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെയും വൻ സ്ഫോടനങ്ങൾ കേട്ടതായി അറിയിച്ചു. വിദ്യാർത്ഥികൾക്ക് പുറമെ ഇന്ത്യൻ നാവികരും തീർത്ഥാടകരും നിലവിൽ ഇറാനിലുണ്ട്.

മടങ്ങാൻ താൽപ്പര്യമില്ലാത്ത കുറച്ച് വിദ്യാർത്ഥികൾ ഒഴികെ ബാക്കിയുള്ളവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എംബസിഇറാനിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാന്റെ പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും ചർച്ചകൾ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *