ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാന്റെ ഇടക്കാല നേതൃ കൗൺസിലിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്.
ഇതുവരെ നടത്തിയ നീക്കങ്ങളിൽ ഇറാൻ പരസ്യമായി മാപ്പ് പറയുകയും ചെയ്തു.ഗൾഫ് രാജ്യങ്ങളോടുള്ള ശത്രുത അവസാനിപ്പിക്കുകയാണെന്നും മുൻപത്തെ ആക്രമണങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു.
മേഖലയിൽ സമാധാനം ഉറപ്പാക്കാൻ തങ്ങൾക്ക് അധിനിവേശ മോഹങ്ങളില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തിരിച്ചടിച്ചാൽ മാത്രമേ ഇനി ആക്രമിക്കൂ എന്നും അറിയിച്ചു.
എന്നാൽ ഇസ്രയേലിനും യുഎസിനുമെതിരായ പോരാട്ടം തുടരുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.ഇറാൻ സമ്പൂർണ്ണമായി കീഴടങ്ങണമെന്നും (Unconditional Surrender) പുതിയ നേതൃത്വം വരണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
പുതിയൊരു ഭരണകൂടം നിലവിൽ വന്നാൽ ഇറാന്റെ സാമ്പത്തിക പുനർനിർമ്മാണത്തിന് യുഎസ് സഹായിക്കുമെന്നും ‘ഇറാനെ വീണ്ടും മഹത്തരമാക്കും’ (MIGA – Make Iran Great Again) എന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരായ നീക്കങ്ങൾ പൂർത്തിയാക്കിയ ശേഷം ക്യൂബൻ സർക്കാരിനെ ലക്ഷ്യം വെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ ഇന്റർ മിയാമി ഫുട്ബോൾ ടീമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം.
ക്യൂബൻ ഭരണകൂടം അമേരിക്കയുമായി സഹകരിക്കുന്നില്ലെന്നും വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് അമേരിക്കൻ പൗരന്മാരോട് ക്യൂബ വിടാനും അദ്ദേഹം നിർദ്ദേശിച്ചു.
