2026 ടി-20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ന് ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് മൂന്നാം കിരീടവും തുടർച്ചയായ രണ്ടാം കിരീടവും നേടാം.

കന്നി കിരീടം ലക്ഷ്യമിട്ടാണ് കിവികൾ ഇറങ്ങുന്നത്.സൗത്ത് ആഫ്രിക്കയെ തകർത്ത് ന്യൂസിലാൻഡും, ഇംഗ്ലണ്ടിന്റെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യയും ഫൈനലിൽ; അഹമ്മദാബാദിൽ ഇന്ന് തീപാറും പോരാട്ടം.

പത്താം ടി-20 ലോകകപ്പിന്റെ കലാശപ്പോരിൽ പ്രവചനങ്ങൾ അസാധ്യമാക്കി ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ. സാൻ്റ്‌നറുടെ നേതൃത്വത്തിൽ കന്നി കിരീടം ലക്ഷ്യമിടുന്ന കിവികൾ ജയിച്ചാൽ ലോകകപ്പ് ഉയർത്തുന്ന എട്ടാമത്തെ ടീമായി അവർ ചരിത്രം കുറിക്കും. ആര് ജയിച്ചാലും അഹമ്മദാബാദിൽ ഇന്ന് പുതിയൊരു ചരിത്രം പിറക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

മറുവശത്ത് ഇന്ത്യ വിജയിക്കുകയാണെങ്കിൽ ടി-20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടം സ്വന്തമാക്കാം. ഇതുവരെ ഒന്നിലധികം തവണ കിരീടം നേടിയ ടീമുകളുണ്ടെങ്കിലും ആർക്കും തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല.

സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ ആതിഥേയ രാജ്യം എന്ന സുവർണ്ണാവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിനുമുമ്പ് ഏഴ് ടീമുകൾ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും ആർക്കും സ്വന്തം നാട്ടിൽ കിരീടം നേടാനായിട്ടില്ല.

അഹമ്മദാബാദിൽ ഈ ചരിത്രം തിരുത്തിക്കുറിക്കാനായാൽ അത് ഇന്ത്യൻ ക്രിക്കറ്റിലെ സമാനതകളില്ലാത്ത നേട്ടമാകും.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് ജയിച്ചാൽ മൂന്ന് ടി-20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി മാറും. നിലവിൽ ഇന്ത്യയെക്കൂടാതെ വെസ്റ്റ് ഇൻഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2021) എന്നിവരാണ് രണ്ട് തവണ ചാമ്പ്യന്മാരായ മറ്റ് ടീമുകൾ.

മറ്റൊരു ഫൈനൽ കൂടി പടിവാതിലിൽ നിൽക്കുമ്പോൾ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ മികവ് പുലർത്തുമെന്നും ഇന്ത്യ ചരിത്രം കുറിക്കുമെന്നുമുള്ള ആവേശത്തിലാണ് ആരാധകർ. അഹമ്മദാബാദിലെ ഈ പോരാട്ടം ഇന്ത്യൻ പ്രതീക്ഷകൾ പൂവണിയുന്ന നിമിഷമാകുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *