ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ അങ്കമാലി പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. പ്രതിയെ പിടികൂടാൻ പൊലീസ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും കുടുംബത്തിന്റെ അലംഭാവ പരാതിയിൽ അടിസ്ഥാനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ അറസ്റ്റിലായ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

പ്രത്യേക അന്വേഷണസംഘം വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് മാർച്ച് ആറിനാണ് ഡോ. സിറിയക്കിനെ അറസ്റ്റ് ചെയ്തത്. തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് ജോർജ് തോമസിനെയും പോലീസ് പിടികൂടി.

പ്രതിയെ ഒളിത്താവളത്തിൽ എത്തിച്ചത് ബന്ധുവാണെന്നും, സഹായിയായ ജോർജ് പി. മാത്യുവിന് അറസ്റ്റ് ചെയ്ത ദിവസം തന്നെ ജാമ്യം ലഭിച്ചതായും പോലീസ് അറിയിച്ചു.അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനിയായ ജസ്‌ലിയ ജോൺസൺ ഫെബ്രുവരി 28-നാണ് ഡോ. സിറിയക് ഓടിച്ച കാറിടിച്ച് മരിച്ചത്.

പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. മസ്തിഷ്ക മരണം സംഭവിച്ച ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. കായികതാരമായ ജസ്‌ലിയ, അങ്കമാലിയിലെ പിസ്സ ഷോപ്പിൽ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *