സൗദിയിലെ അൽ-ഖർജിലുണ്ടായ ഷെൽ ആക്രമണത്തിൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചതായി നേരത്തെ വന്ന റിപ്പോർട്ടുകൾ എംബസി നിഷേധിച്ചു.

ജനവാസ മേഖലയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെയാണ് എംബസിയുടെ ഈ ഔദ്യോഗിക വിശദീകരണം.അൽ-ഖർജിലെ ഷെൽ ആക്രമണത്തിൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പരിക്കേറ്റ ഒരാൾ ചികിത്സയിലാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇക്കാര്യം ഔദ്യോഗിക ‘എക്സ്’ (X) പോസ്റ്റിലൂടെ വ്യക്തമാക്കിയ എംബസി, വാർത്താ സ്ഥിരീകരണം ആശ്വാസകരമാണെന്നും കൂട്ടിച്ചേർത്തു.

സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും എംബസി ഉദ്യോഗസ്ഥൻ പരിക്കേറ്റയാളെ സന്ദർശിച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് മേഖലയിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി മുന്നറിയിപ്പ് നൽകി.സൗദി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പുതിയ പ്രസ്താവന പ്രകാരം, അൽ-ഖർജിലെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു.

ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയും കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, വിശദമായ പരിശോധനകൾക്ക് ശേഷം മരിച്ചവർ ഇരുവരും ബംഗ്ലാദേശികളാണെന്നും പരിക്കേറ്റ 12 പേരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *