പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച് ഇറാനിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പ്രതീക്ഷിച്ചതിലും വേഗത്തിൽ കാര്യങ്ങൾ ലക്ഷ്യത്തിലെത്തിയെന്നും എന്നാൽ പൂർണ്ണമായ വിജയമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ യുഎസ് വേണ്ടത്ര നേട്ടം കൊയ്തിട്ടില്ലെന്നും ആത്യന്തികമായ വിജയത്തിനായുള്ള നീക്കങ്ങൾ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരായ സൈനിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
യുദ്ധം ആഴ്ചകളോളം നീണ്ടാലും അമേരിക്കയ്ക്ക് പ്രശ്നമില്ലെന്ന മുൻ നിലപാടിൽ നിന്നുള്ള മാറ്റമായാണ് ഈ പുതിയ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.ഇറാൻ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തി.
ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖാംനഇക്ക് റഷ്യ പിന്തുണ നൽകിയ സാഹചര്യത്തിലായിരുന്നു ഇത്. അതേസമയം, സഖ്യകക്ഷിയായ ഇസ്രഈലിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചായിരിക്കും യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും നെതന്യാഹുവുമായി ഇതിനായി കൂടിയാലോചന നടത്തുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ഇസ്രഈൽ രണ്ടാംഘട്ട ആക്രമണം ആരംഭിച്ചു. അതേസമയം, ഇറാനിൽ നിന്നുള്ള മിസൈൽ നീക്കങ്ങളെ തുർക്കി, യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ തടഞ്ഞതായി ഔദ്യോഗികമായി അറിയിച്ചു.
