മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ സിപിഐഎം കടുത്ത നടപടിക്ക് ഒരുങ്ങുന്നതായി സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെത്തുടര്‍ന്ന് ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നും മാസങ്ങളായി ഭാര്യ തന്നോടൊപ്പമല്ല താമസമെന്നുമാണ് അദ്ദേഹം നേതാക്കളെ ധരിപ്പിച്ചത്.

ഗണേഷ് കുമാറിന്റെ വിശദീകരണത്തിൽ അതൃപ്തിയുള്ള സി.പി.ഐ.എം, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രാജിയടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളും കോൺഗ്രസിന്റെ ഇടപെടലുമാണെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താനാണ് ഗണേഷിന്റെ നീക്കം.

ഇതിനായി ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുൻപ് കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം ശ്രമിക്കുന്നുണ്ട്.പഴയപടിയൊരു രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്ക നിലനിൽക്കെ, ഗണേഷ് കുമാർ ഇന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്നത് അവ്യക്തമാണ്.

2013-ലും സമാനമായ ഗാർഹിക പീഡന പരാതിയെത്തുടർന്നാണ് ഉമ്മൻചാണ്ടി സർക്കാരിൽ നിന്നും അദ്ദേഹം രാജിവെച്ചത്. മുഖ്യമന്ത്രി ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടില്ലെങ്കിലും, പാർട്ടി എന്ന നിലയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്നാണ് കേരള കോൺഗ്രസ്-ബി വിഭാഗത്തിന്റെ നിലപാട്.

മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വാളകത്തെ വീട്ടിൽ മന്ത്രിയെ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും, അത് ദൃശ്യമാക്കാൻ ശ്രമിച്ച തന്നെ സഹായികൾ തടഞ്ഞെന്നുമാണ് ബിന്ദുവിന്റെ പരാതി.

എന്നാൽ, തന്റെ വ്യക്തിപരമായ കാര്യങ്ങളും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്നും തനിക്ക് അയ്യായിരം പ്രണയങ്ങളുണ്ടാകുമെന്നുമാണ് വിവാദങ്ങളോട് ഗണേഷ് കുമാർ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *