കൊച്ചിയിൽ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5500 കോടി രൂപ ചിലവാക്കിയിട്ടും നോഡൽ ഓഫീസറായ മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബോധപൂർവം മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.
പ്രതിഷേധസൂചകമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി. രാജേഷും ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്കും എംപിമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡൻ, എംഎൽഎ ഉമാ തോമസ് എന്നിവർക്കും ക്ഷണമുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പങ്കെടുക്കുന്ന ചടങ്ങിൽ, ദേശീയപാത-66ലെ തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. തന്നെ ഒഴിവാക്കി ബിജെപി അധ്യക്ഷനെ ഉൾപ്പെടുത്തിയത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
2014-ൽ മുടങ്ങിയ പദ്ധതി എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയാണ് പുനരുജ്ജീവിപ്പിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിനായി 5,600 കോടി രൂപ നൽകിയ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടി അധ്യക്ഷനെ മാത്രം ചടങ്ങിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
