ചൈന ഉൾപ്പെടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (FDI) കേന്ദ്രമന്ത്രിസഭ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം, പത്ത് ശതമാനത്തിൽ താഴെയുള്ള ചെറുകിട നിക്ഷേപങ്ങൾക്ക് ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല; നിക്ഷേപവിവരം അറിയിച്ചാൽ മാത്രം മതിയാകും.

എന്നാൽ പത്ത് ശതമാനത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്കും കമ്പനിയുടെ നിയന്ത്രണാധികാരം കൈമാറുന്നതിനും സർക്കാർ അനുമതി തുടരും. ഇലക്ട്രോണിക്സ് മേഖലയിലെ നിക്ഷേപങ്ങൾക്ക് 60 ദിവസത്തിനുള്ളിൽ അനുമതി നൽകുന്ന വേഗത്തിലുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ വിദേശനിക്ഷേപ നയമായ ‘പ്രസ് നോട്ട് 3’ (Press Note 3) ചട്ടത്തിൽ കേന്ദ്രസർക്കാർ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ്. നേരത്തെ, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള (പ്രത്യേകിച്ച് ചൈന) ഏതൊരു നിക്ഷേപത്തിനും സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമായിരുന്നു.

2020-ൽ കോവിഡ് സമയത്താണ് നിക്ഷേപങ്ങൾ നിയന്ത്രിക്കാനായി ഈ കർശന ചട്ടം കൊണ്ടുവന്നത്. എന്നാൽ പുതിയ ഇളവ് പ്രകാരം, പത്ത് ശതമാനത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഇനി ഈ മുൻകൂർ അനുമതി ആവശ്യമില്ല

.കർശനമായ നിയന്ത്രണങ്ങൾ കാരണം വിദേശനിക്ഷേപത്തിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ ചൈനീസ് മൂലധനത്തിലും വലിയ ഇടിവുണ്ടായിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി മാത്രം ആശ്രയിക്കുന്നതിന് പകരം, ചൈനീസ് കമ്പനികളെക്കൊണ്ട് ഇന്ത്യയിൽ നേരിട്ട് നിക്ഷേപം നടത്തിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്ന് 2024-ലെ സാമ്പത്തിക സർവേയും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് വിദേശനിക്ഷേപം കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ചട്ടങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *