പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രതിഫലനമായി പ്രമുഖ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ ‘സ്ട്രൈക്കർ’ കോർപ്പറേഷന് നേരെ ഇറാൻ അനുകൂല ഹാക്കിംഗ് ഗ്രൂപ്പായ ‘ഹാന്ദല’ സൈബർ ആക്രമണം നടത്തി. കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾ നിശ്ചലമായതോടെ ബുധനാഴ്ച വാൾസ്ട്രീറ്റിൽ സ്ട്രൈക്കറുടെ ഓഹരികൾ 3.4 ശതമാനം ഇടിഞ്ഞു.
യുദ്ധം കോർപ്പറേറ്റ് മേഖലയെയും ബാധിച്ചു തുടങ്ങുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.മിഷിഗൺ ആസ്ഥാനമായി 61 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ട്രൈക്കർ കോർപ്പറേഷന്റെ നെറ്റ്വർക്കുകൾ ബുധനാഴ്ച പുലർച്ചെയോടെ ഹാക്കർമാർ തകർത്തു.
കമ്പനിയുടെ മൈക്രോസോഫ്റ്റ് അധിഷ്ഠിത സിസ്റ്റങ്ങളിൽ ഹാന്ദല ഗ്രൂപ്പിന്റെ ലോഗോ പ്രത്യക്ഷപ്പെടുകയും ജീവനക്കാരുടെ ലാപ്ടോപ്പുകൾ, ഫോണുകൾ എന്നിവയിലെ വിവരങ്ങൾ പൂർണ്ണമായും തുടച്ചുനീക്കപ്പെടുകയും ചെയ്തു. 56,000-ത്തിലധികം ജീവനക്കാരുടെ ഔദ്യോഗിക ഉപകരണങ്ങൾ ഇതോടെ നിശ്ചലമായി.ഇറാനിലെ മിനാബിൽ 150 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ ആക്രമണത്തിന് പ്രതികാരമായാണ് ഈ സൈബർ നീക്കമെന്ന് ‘ഹാന്ദല’ ഗ്രൂപ്പ് അവകാശപ്പെട്ടു.
ഇതേത്തുടർന്ന് സ്ട്രൈക്കർ കമ്പനിയുടെ പോർട്ടേജ് ആസ്ഥാനം താൽക്കാലികമായി അടച്ചുപൂട്ടി. അമേരിക്കൻ മെഡിക്കൽ മേഖലയെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം വൻ ആഗോള പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് നെറ്റ്വർക്കിന് നേരെ സൈബർ ആക്രമണം നടന്നതായി സ്ട്രൈക്കർ വക്താവ് സ്ഥിരീകരിച്ചു. നിലവിൽ റാൻസംവെയർ ഭീഷണിയില്ലെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു. എങ്കിലും, സുരക്ഷ മുൻനിർത്തി വൈഫൈ ഉപയോഗിക്കരുതെന്നും നെറ്റ്വർക്കിൽ നിന്ന് വിട്ടുനിൽക്കാനും ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പലസ്തീൻ അനുകൂല നിലപാടുള്ളതും ഇറാനുമായി ബന്ധമുള്ളതുമായ ഹാക്കിംഗ് ഗ്രൂപ്പാണ് ഹാന്ദല. വെറുതെ വിവരങ്ങൾ ചോർത്തുന്നതിന് പകരം സിസ്റ്റങ്ങളെ പൂർണ്ണമായും തകർക്കുന്ന ‘ഡിസ്ട്രക്റ്റീവ് ഹാക്കിംഗ്’ രീതിയാണ് ഇവർ പിന്തുടരുന്നത്. മുൻപ് ഇസ്രയേലിനെതിരെ നിരവധി സൈബർ ആക്രമണങ്ങൾ നടത്തിയ ഇവരെ സൈബർ സുരക്ഷാ ഏജൻസിയായ ‘ചെക്ക് പോയിന്റ്’ നിരീക്ഷിച്ചു വരികയാണ്.
ഈ സൈബർ ആക്രമണത്തെക്കുറിച്ച് എഫ്.ബി.ഐയോ മറ്റ് ഏജൻസികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും യുദ്ധസാഹചര്യത്തിൽ അമേരിക്കൻ മെഡിക്കൽ മേഖലയെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ സ്ട്രൈക്കർ കോർപ്പറേഷന് നേരെ നടന്ന സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല ഹാക്കിംഗ് ഗ്രൂപ്പായ ‘ഹാന്ദല’ ഏറ്റെടുത്തു. മുൻപും ഇസ്രയേൽ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഈ സംഘം, പ്രതികാര നടപടിയുടെ ഭാഗമായാണ് സ്ട്രൈക്കറെ തകർത്തതെന്ന് അവകാശപ്പെട്ടു.
