ആക്രമണം കടുപ്പിച്ചാൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തകർക്കുമെന്ന് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തകർത്താൽ പുനർനിർമിക്കാൻ 25 വർഷമെടുക്കുമെന്നും, എന്നാൽ അത്തരമൊരു കടുത്ത നടപടി ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് ഭീഷണിപ്പെടുത്തി.ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി.
ഇറാന്റെ വൈദ്യുതി നിലയങ്ങൾ ആക്രമിച്ചാൽ അരമണിക്കൂറിനുള്ളിൽ മേഖലയാകെ ഇരുട്ടിലാക്കുമെന്നും ആ സമയം അമേരിക്കൻ സൈനികരെ വേട്ടയാടുമെന്നും ലാരിജാനി മുന്നറിയിപ്പ് നൽകി. ഒരു മണിക്കൂറിനുള്ളിൽ ഇറാന്റെ വൈദ്യുതി ശേഷി തകർക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് അതേ നാണയത്തിലാണ് ലാരിജാനി മറുപടി നൽകിയത്.
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടൻ പൂട്ടണമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. അധികാമേറ്റ ശേഷമുള്ള ആദ്യ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രക്തസാക്ഷികളുടെ മരണത്തിന് പകരം ചോദിക്കുമെന്നും അയൽരാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്ന ഇറാൻ യുഎസ് കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മൊജ്തബ കൂട്ടിച്ചേർത്തു.
