ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിൽ 12 മണിക്കൂറിനുള്ളിൽ എട്ട് പ്രതികളെയും പോലീസ് പിടികൂടി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തഴവ സ്വദേശി നൗഫൽ, ചവറ സ്വദേശി ഷിനു പീറ്റർ എന്നിവരടക്കമുള്ള പ്രതികളെ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിച്ചു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ജിം സന്തോഷ് കൊലക്കേസ് പ്രതിയായ അലുവ അതുലിനെ പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കരുനാഗപ്പള്ളി സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിൽ തലയ്ക്കേറ്റ ഗുരുതര മുറിവാണ് മരണകാരണമായത്. ജിം സന്തോഷ് വധത്തോടുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദേശീയപാതയിലെ കുഴിയിലേക്ക് കാർ ഇടിച്ചിറക്കിയ ശേഷം നാലംഗ സംഘം അലുവ അതുലിനെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തെക്കുറിച്ച് ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കരുനാഗപ്പള്ളി പോലീസ് സുരക്ഷാ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘കടത്തൂർ ടീം’ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് അവഗണിച്ചതാണ് പട്ടാപ്പകൽ റോഡിൽ വെച്ച് നടന്ന ഈ അരുംകൊലയ്ക്ക് വഴിതെളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *