ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ തങ്ങൾ പാരമ്യത്തിലുള്ള പ്രത്യാക്രമണം (Zero restraint) നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി.
ഇറാന്റെ സൗത്ത് പാർസ് (South Pars) വാതകപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണം തങ്ങളുടെ സൈനിക ശേഷിയുടെ ഒരു ഭാഗം (fraction)മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയുമൊരു പ്രകോപനമുണ്ടായാൽ ഒട്ടും സംയമനം പാലിക്കില്ലെന്നും അദ്ദേഹം എക്സിലൂടെ (X) അറിയിച്ചു.
ഇറാന്റെ മിസൈലാക്രമണത്തെത്തുടർന്ന് ഖത്തറിലെ റാസ് ലഫാൻ വാതക കേന്ദ്രത്തിന് കനത്ത നാശനഷ്ടം സംഭവിച്ചു. ഇത് ഖത്തറിന്റെ എൽ.എൻ.ജി (LNG) കയറ്റുമതി ശേഷിയിൽ 17 ശതമാനം കുറവുണ്ടാക്കുമെന്നും ഏഷ്യയിലെയും യൂറോപ്പിലെയും ഇന്ധന വിതരണത്തെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഇറാനെതിരെയുള്ളയുദ്ധത്തിനായി അമേരിക്കൻ പ്രതിരോധ വകുപ്പ് (Pentagon) കോൺഗ്രസിനോട് 200 ബില്യൺ ഡോളർ ഫണ്ട് ആവശ്യപ്പെട്ടു.
യുദ്ധം എന്ന് അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ശത്രുക്കളെ ഇല്ലാതാക്കാൻ പണം ആവശ്യമാണെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇതിനോട് പ്രതികരിച്ചത്.
