വാഷിങ്‌ടൺ: യുഎസ്-ഇറാൻ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ ഭരണകൂടത്തിന്റെ മുൻഗണനകളിൽ വലിയ മാറ്റമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതിനേക്കാൾ അമേരിക്കൻ ജനതയ്ക്ക് കുറഞ്ഞ വിലയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുക എന്നതിനാണ് നിലവിൽ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടത് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് യുഎസ് നയം മാറ്റാൻ നിർബന്ധിതരായത്.അമേരിക്കക്കാർക്ക് കുറഞ്ഞ വിലയിൽ പെട്രോളും ഗ്യാസും ലഭ്യമാക്കുകയാണ് ഒന്നാമത്തെ ലക്ഷ്യമെന്നും, ഇറാൻ ആണവായുധം കൈവശം വെക്കുന്നത് തടയുക എന്നത് രണ്ടാമത്തെ ലക്ഷ്യമാണെന്നും പറഞ്ഞ വാൻസ്, ഈ രണ്ട് കാര്യങ്ങളിലും വിജയം കാണുമെന്ന പ്രത്യാശയും പങ്കുവെച്ചു.
സംഘർഷം അവസാനിക്കുമ്പോൾ അമേരിക്ക കൂടുതൽ ശക്തമായ നിലയിലായിരിക്കുമെന്നും, ഹോർമുസ് കടലിടുക്കിലെ എണ്ണവിലയിൽ സ്ഥിരത കൈവരിച്ച് സമാധാനം തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

