ഗൾഫ് മേഖലയെ വൻ യുദ്ധത്തിൽ നിന്ന് ഒഴിവാക്കാൻ അമേരിക്കയും ഇറാനും തമ്മിൽ 45 ദിവസത്തെ വെടിനിർത്തലിനായി തീവ്രശ്രമം നടത്തുന്നു. എന്നാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമ ധാരണയുണ്ടാകാൻ സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഇറാന്റെ യുറേനിയം ശേഖരം നീക്കം ചെയ്യുന്നതുമാണ് ചർച്ചയിലെ പ്രധാന തർക്കവിഷയങ്ങൾ.
ഇവ സ്ഥിര കരാറിന്റെ ഭാഗമായി പരിഹരിക്കാനാണ് മധ്യസ്ഥരുടെ നീക്കം. നിലവിൽ ഒരു ഹ്രസ്വകാല വെടിനിർത്തലിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
പ്രധാന ആയുധങ്ങൾ വിട്ടുകൊടുക്കില്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതോടെ ചർച്ചകൾ സങ്കീർണ്ണമായി. സ്റ്റീവ് വിറ്റ്‌കോഫും അബ്ബാസ് അരാഗ്ചിയും സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും, യുഎസ് ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ഇറാൻ തയ്യാറായിട്ടില്ല.
ചർച്ചകൾ പരാജയപ്പെട്ടാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ, ശുദ്ധജല പ്ലാന്റുകൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു
