ഇറാൻ-യുഎസ് സംഘർഷം മുറുകുന്നതിനിടെ ഇറാന് കടുത്ത അന്ത്യശാസനവുമായി പ്രസിഡന്റ് ട്രംപ്. ചൊവ്വാഴ്ച രാത്രി എട്ടിനകം സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

12 മണിക്കൂറിനുള്ളിൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർക്കാൻ ശേഷിയുണ്ടെന്നും, ഉപരോധങ്ങൾ നീക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന ഇറാന്റെ നിലപാട് രാജ്യത്തിന്റെ നാശത്തിന് വഴിവെക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട ധാരണ ലംഘിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണം കടുപ്പിച്ചു.

കടത്തിവിടാമെന്ന് സമ്മതിച്ച രണ്ട് എൽഎൻജി കപ്പലുകളെ ഇറാൻ റെവല്യൂഷനറി ഗാർഡ് (IRGC) തടഞ്ഞു തിരിച്ചയച്ചു. ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

കപ്പലുകൾ തടഞ്ഞതിനെക്കുറിച്ച് ഇറാൻ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.ഫെബ്രുവരി 28ന് ശേഷം ഹോർമുസ് വഴി നടക്കേണ്ടിയിരുന്ന ആദ്യ എൽഎൻജി നീക്കമാണ് ഇതോടെ മുടങ്ങിയത്. 10 കപ്പലുകളെ കടത്തിവിടാമെന്ന് ഇറാൻ നേരത്തെ സമ്മതിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ഒരു ജാപ്പനീസ് കപ്പൽ കടന്നുപോയെങ്കിലും അതിൽ ഇന്ധനമുണ്ടായിരുന്നില്ല. ഇറാന്റെ പുതിയ നീക്കം വെടിനിർത്തൽ ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *