പാകിസ്ഥാൻ മധ്യസ്ഥതയിലുള്ള ഇറാൻ–യുഎസ് ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ ആശങ്കയേറുന്നു. ആണവ വിഷയത്തിലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും സമവായമാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-രാഷ്ട്രീയ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയേക്കാം.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും യുഎസും നേർക്കുനേർ. സൈനിക നീക്കത്തിലൂടെ കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടത് ആഗോളതലത്തിൽ വലിയ ഇന്ധനപ്രതിസന്ധിക്ക് കാരണമായേക്കാം.
യുദ്ധത്തിലെന്നപോലെ ചർച്ചകളിലും അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് ഇറാൻ ആരോപിച്ചു. യുക്തിസഹമായ കരാറിന് അമേരിക്ക തയ്യാറാകുന്നത് വരെ ഹോർമുസ് കടലിടുക്കിലെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
മിക്ക കാര്യങ്ങളിലും ധാരണയായെങ്കിലും പ്രധാനപ്പെട്ട രണ്ടോ മൂന്നോ വിഷയങ്ങളിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെന്നും, ഒരു കൂടിക്കാഴ്ച കൊണ്ട് മാത്രം പ്രശ്നപരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലപാടുകളിൽ യുഎസ് വിട്ടുവീഴ്ച ചെയ്യാത്തത് ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങളും ലബനനിലെ ഇസ്രയേൽ ആക്രമണം രൂക്ഷമാകാനുള്ള സാധ്യതയും ആശങ്ക വർധിപ്പിക്കുന്നു.
വെടിനിർത്തൽ കരാറിൽ നിന്ന് യുഎസ് പിന്മാറുന്നത് പശ്ചിമേഷ്യയെ വീണ്ടും വലിയ സംഘർഷത്തിലേക്ക് നയിച്ചേക്കാം. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ നിലപാട് നിർണായകമാകും.
