യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും 175 തടവുകാരെ വീതം കൈമാറി. ഈ വർഷത്തെ മൂന്നാമത്തെ കൈമാറ്റമാണിതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു.
2022 മുതൽ റഷ്യയുടെ തടവിലായിരുന്ന സൈനികരും സാധാരണക്കാരും ഉൾപ്പെടെയുള്ളവരാണ് തിരിച്ചെത്തിയത്. യുഎഇയുടെ ക്രിയാത്മകമായ ഇടപെടലിനെ ഇരുരാജ്യങ്ങളും അഭിനന്ദിച്ചു.
ഈസ്റ്റർ പ്രമാണിച്ച് പുട്ടിൻ പ്രഖ്യാപിച്ച 32 മണിക്കൂർ വെടിനിർത്തലിനിടെയാണ് തടവുകാരുടെ കൈമാറ്റം നടന്നത്. മോചിതരായ റഷ്യൻ സൈനികർ നിലവിൽ ബെലാറസിലാണെന്നും അവർക്ക് ആവശ്യമായ ചികിത്സയും മാനസിക പിന്തുണയും നൽകിവരികയാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് ആരംഭിച്ച് ഏപ്രിൽ 12 വരെ നീളുന്ന 32 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നു. യുക്രെയ്ൻ ഈ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ലംഘനമുണ്ടായാൽ തിരിച്ചടിക്കുമെന്നും സെലെൻസ്കി മുന്നറിയിപ്പ് നൽകി. യുദ്ധം തുടങ്ങിയ ശേഷം യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ 70-ഓളം തവണ തടവുകാരെ കൈമാറിയിട്ടുണ്ട്.
