ഇസ്‌ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിൽ തനിക്ക് ആശങ്കയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചയ്ക്ക് തിരിച്ചുവന്നാലും ഇല്ലെങ്കിലും താൻ സന്തുഷ്ടനാണെന്നും അവർ നുണ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലോറിഡയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.ഇറാൻ ഇപ്പോഴും ആണവായുധത്തിനായി ശ്രമിക്കുകയാണെന്നും എന്നാൽ അത് ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
21 മണിക്കൂർ നീണ്ട ചർച്ചയിലൂടെ ഇറാന്റെ നിസ്സഹായാവസ്ഥ തനിക്ക് ബോധ്യപ്പെട്ടെന്നും, രാജ്യം നിലവിൽ വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവ മോഹങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന സൂചനയാണ് ട്രംപ് നൽകിയത്.ഒരു മാസത്തെ സൈനിക നീക്കത്തിലൂടെ ഇറാന്റെ സൈനിക ശേഷി തകർത്തതായി ട്രംപ് അവകാശപ്പെട്ടു.
മിസൈലുകളുടെയും ഡ്രോണുകളുടെയും നിർമ്മാണ ശേഷി വലിയ തോതിൽ കുറഞ്ഞുവെന്നും എന്നാൽ തങ്ങൾ പാലങ്ങളും മറ്റും തകർക്കാതെ മാന്യമായാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ സൈനിക കരുത്ത് നിലവിൽ ദുർബലമാണെന്നാണ് ട്രംപിന്റെ വാദം.വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്നും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന വാഗ്ദാനം ലംഘിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന്റെ നേതൃത്വം ‘നുണയന്മാരാണെന്ന്’ ആക്ഷേപിച്ച അദ്ദേഹം, പറഞ്ഞ കാര്യങ്ങളിൽ നിന്ന് അവർ പിന്നോട്ട് പോയതായും വ്യക്തമാക്കി.
