ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ പൂർണ്ണ പരാജയമെന്ന് പറയാനാവില്ല. 40 ദിവസത്തെ സംഘർഷത്തിന് ശേഷം നടന്ന ആദ്യ കൂടിക്കാഴ്ചയായതിനാൽ പെട്ടെന്നൊരു ധാരണ അസാധ്യമായിരുന്നു. തുടർചർച്ചകൾ വേണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെടുമ്പോഴും ഇനിയൊരു റൗണ്ട് ചർച്ചയുടെ ആവശ്യമില്ലെന്ന കടുത്ത നിലപാടിലാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.

എങ്കിലും രാജ്യാന്തര സമ്മർദ്ദം യുഎസ് നിലപാടിൽ മാറ്റം വരുത്തിയേക്കാം.യുഎസ് മുന്നോട്ടുവെച്ച ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്ന ഉപാധി ഇറാൻ തള്ളി.

തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും, പ്ലാന്റുകൾ തകർത്തെന്ന് യുഎസ് തന്നെ അവകാശപ്പെടുമ്പോൾ ഇത്തരമൊരു ആവശ്യത്തിന് പ്രസക്തിയില്ലെന്നുമാണ് ഇറാന്റെ നിലപാട്.

ഈ തർക്കമാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം.ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം വിട്ടുകൊടുത്താൽ തങ്ങളുടെ പ്രധാന പ്രതിരോധ തന്ത്രം (Trump card) നഷ്ടപ്പെടുമെന്ന് ഇറാൻ കരുതുന്നു.

ആക്രമണങ്ങളെ അതിജീവിച്ച നാവികശക്തി അടിയറവ് വെക്കാൻ അവർ തയ്യാറല്ല. തങ്ങളെ ആക്രമിക്കില്ലെന്ന സുരക്ഷാ ഉറപ്പ് ഇറാൻ ആവശ്യപ്പെട്ടെങ്കിലും, ആണവ പദ്ധതികൾ നിർത്താതെ അത് നൽകാനാവില്ലെന്ന കർക്കശ നിലപാടിലാണ് അമേരിക്ക.

ആക്രമണങ്ങളിലുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരം വേണമെന്ന ഇറാന്റെ ആവശ്യം യുഎസ് അംഗീകരിച്ചില്ല. നഷ്ടപരിഹാരം നൽകിയാൽ ഇറാന്റെ ആക്രമണത്തിനിരയായ മറ്റ് അറബ് രാജ്യങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുമെന്ന് യുഎസ് ആശങ്കപ്പെടുന്നു.

കൂടാതെ, മരവിപ്പിച്ച ഇറാന്റെ വിദേശനിക്ഷേപങ്ങൾ വിട്ടുനൽകണമെന്ന ആവശ്യവും തള്ളി. അതേസമയം, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേൽ നീക്കങ്ങളിൽ ഇടപെടാനില്ലെന്നും, ഇസ്രയേലും ലെബനനും നേരിട്ട് സംസാരിക്കട്ടെ എന്ന നിലപാടിലുമാണ് അമേരിക്ക.

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച ട്രംപ് വീണ്ടും ആക്രമണം തുടങ്ങുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ചർച്ചകളിലൂടെ സമാധാനം കണ്ടെത്താനല്ല, മറിച്ച് തന്റെ ‘യുദ്ധമോഹി’ എന്ന പ്രതിഛായ മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് കരുതുന്നവരുണ്ട്.

ഇറാന്റെ പ്രഹരശേഷി ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, മേഖലയിലെ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള തിടുക്കത്തിലാണ് അറബ് രാജ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *