അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടത് തന്റെ ഫോൺവിളി കാരണമാണെന്ന ഇറാൻ്റെ ആരോപണം ബെഞ്ചമിൻ നെതന്യാഹു തള്ളി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ വിളിച്ച് ചർച്ച തടസ്സപ്പെടുത്തിയെന്ന ഇറാനിയൻ വിദേശകാര്യമന്ത്രിയുടെ വാദത്തിൽ അടിസ്ഥാനമില്ലെന്നും, തീരുമാനങ്ങൾ പൂർണ്ണമായും അമേരിക്കയുടേതായിരുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിൽ തനിക്ക് പങ്കില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.ഇസ്ലാമാബാദിലെ മാരത്തോൺ ചർച്ചകൾക്കിടെ ജെ.ഡി. വാൻസും നെതന്യാഹുവും സംസാരിച്ചത് ബാഹ്യശക്തികളുടെ ഇടപെടൽ എന്ന സംശയം ഉയർത്തിയിരുന്നു.
ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ചർച്ചകൾ ഒരു തീരുമാനവുമില്ലാതെ അവസാനിച്ചതോടെയാണ് ഈ ഫോൺവിളി വിവാദമായത്. യുഎസിലേക്ക് മടങ്ങുന്നതിനിടെയും വാൻസ് തന്നോട് സംസാരിച്ചിരുന്നുവെന്ന് നെതന്യാഹു തന്നെ വെളിപ്പെടുത്തിയതായി ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.ഇറാൻ്റെ നിസ്സഹകരണം മൂലമാണ് ചർച്ചകൾ പരാജയപ്പെട്ടതെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന പ്രധാന ആവശ്യം ഇറാൻ അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇസ്ലാമാബാദ് ചർച്ചകൾ ഫലം കാണാതെ പോയത് ഇറാൻ്റെ ഈ നിലപാട് മൂലമാണെന്ന് അദ്ദേഹം കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി.
