ചെന്നൈയിലെ ബാറ്റിങ് പിച്ചിൽ ബോളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസ് ജയം. ചെന്നൈ ഉയർത്തിയ 193 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഈ തകർപ്പൻ ജയത്തോടെ ചെന്നൈ സീസണിലെ രണ്ടാം വിജയം ആഘോഷിക്കുകയും പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.പട്ടികയിൽ കൊൽക്കത്ത അവസാന സ്ഥാനത്തും മുംബൈ ഒൻപതാമതുമാണ്.

ചെന്നൈ ഫീൽഡർമാർ നൽകിയ സുവർണാവസരങ്ങൾ മുതലാക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല. നൂർ അഹമ്മദിന്റെ (3 വിക്കറ്റ്) മികച്ച സ്പെല്ലും അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, അകീൽ ഹൊസൈൻ എന്നിവരുടെ കൃത്യതയാർന്ന ബോളിംഗുമാണ് ചെന്നൈയ്ക്ക് വിജയം എളുപ്പമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ സുനിൽ നരെയ്‌നെ ഓപ്പണറാക്കിയ കൊൽക്കത്തയുടെ പരീക്ഷണം പരാജയപ്പെട്ടു. തുടക്കത്തിൽ സിക്സറടിച്ച് നരെയ്ൻ (24) പ്രതീക്ഷ നൽകിയെങ്കിലും, ഫിൻ അലനും (1) ക്യാപ്റ്റൻ അജിൻക്യ രഹാനെയും വേഗത്തിൽ പുറത്തായത് തിരിച്ചടിയായി.

പവർപ്ലേ അവസാനിക്കും മുൻപേ നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ ബോളർമാർ കൊൽക്കത്തയെ പ്രതിരോധത്തിലാക്കി.രഹാനെ – രഘുവംശി സഖ്യത്തിന് സ്കോറിംഗ് വേഗത കൂട്ടാനായില്ല.

പത്താം ഓവറിൽ രഘുവംശിയും (27), പിന്നാലെ നൂർ അഹമ്മദിന്റെ ഇരട്ടപ്രഹരത്തിൽ രഹാനെയും (28) ഗ്രീനും (0) പുറത്തായതോടെ കൊൽക്കത്ത തകർന്നു. റിങ്കു സിങ്ങും നിരാശപ്പെടുത്തിയപ്പോൾ, പവലും രമൺദീപും നടത്തിയ പോരാട്ടം തോൽവിയുടെ ആഘാതം കുറയ്ക്കാൻ മാത്രമാണ് ഉപകരിച്ചത്. ഒടുവിൽ രമൺദീപും പുറത്തായതോടെ ചെന്നൈ പൂർണ്ണ വിജയം ഉറപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *