നിതിൻ രാജിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കാണിച്ച് അധ്യാപകരായ ഡോ. റാമും ഡോ. സംഗീതയും തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
ലോൺ ആപ്പുകളുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇവരുടെ വാദം. സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഡോ. റാം അപേക്ഷയിൽ വ്യക്തമാക്കി.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് ജീവനൊടുക്കിയത്. ജാതിയുടെയും നിറത്തിന്റെയും പേരിൽ വകുപ്പ് മേധാവി ഡോ. റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി നിതിൻ വീട്ടുകാരെ അറിയിച്ചിരുന്നു.
ഇന്റേണൽ മാർക്കിനെ ചൊല്ലിയുള്ള തർക്കങ്ങളും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.പ്രതികളായ ഡോ. റാമും സംഗീതയും ഒളിവിലിരിക്കെ മുൻകൂർ ജാമ്യാപേക്ഷ നൽകി.
ഇരുവരെയും സസ്പെൻഡ് ചെയ്ത മാനേജ്‌മെന്റ്, ഡോ. റാമിനെ പുറത്താക്കി. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ദേശീയ ദന്തൽ കമ്മീഷൻ കോളേജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി. എബിവിപിയുടെ പരാതിയെത്തുടർന്നാണ് നടപടി.
