ടെൽ അവീവ്: ഇറാനും ഇസ്രയേലും പരസ്പരം ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ മേഖലയിൽ താൽക്കാലിക വെടിനിർത്തൽ. ലെബനനിൽ അടക്കം ഇസ്രയേൽ ആക്രമണം തുടർന്നാൽ മാത്രമേ ഇനി തിരിച്ചടിക്കൂ എന്ന് ഇറാൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും വെടിനിർത്തലിലേക്ക് കടക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു.

ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ഫോണിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇത് തള്ളിക്കൊണ്ടായിരുന്നു ഇറാനിലെ പെട്രോകെമിക്കൽ കോംപ്ലക്സുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്.

“ബിബി, സൂക്ഷിക്ക്, അല്ലെങ്കിൽ എന്റെ പിന്തുണ പോലും കിട്ടില്ല. നീ ഒറ്റയ്ക്കാകും എന്ന് ഞാൻ നെതന്യാഹുവിനോട് പറഞ്ഞിരുന്നു” – ട്രംപ് ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തി.

എന്നാൽ ട്രംപിന്റെ മുന്നറിയിപ്പുകളെ തള്ളുന്ന നിലപാടാണ് നെതന്യാഹു ഇപ്പോഴും സ്വീകരിക്കുന്നത്. ഇറാനും ഹിസ്ബുല്ലയ്ക്കും എതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അവർ കൂടുതൽ ദുർബലരായെങ്കിലും ഇസ്രയേലിന്റെ സൈനിക നടപടികൾ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം, സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ ഡീൽ യാഥാർഥ്യമാകുന്നതുവരെ ഹോർമുസ് കടലിടുക്കിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്നത് യുഎസ് സൈന്യം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *