തിരുവനന്തപുരം: അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിലെ വൻശക്തിയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതി ധനമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ എന്നിവയെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപയും മാരിടൈം മ്യൂസിയത്തിന് 50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.കേരളത്തെ പ്രമുഖ പോർട്ട് സിറ്റിയാക്കി ഉയർത്തുന്നതിനൊപ്പം വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റുമായി നിർമ്മാണ മേഖലകൾ, സ്റ്റെഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ടുകൾ എന്നിവ ആരംഭിക്കും.
കൂടാതെ ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ‘ഗ്രീൻ ബങ്കറിങ്’ സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റും. പദ്ധതികളുടെ ഭാഗമായുള്ള തൊഴിലവസരങ്ങളിൽ തീരദേശവാസികൾക്ക് സംവരണം ഉറപ്പാക്കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മാരിടൈം നയം രൂപീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

