ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെന്ന പരാതിയിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ പ്രകാശ് രാജ് നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ദിലീപ് കുമാർ എന്നയാളാണ് കോടതിയെ സമീപിച്ചത്.
കേസിൽ ഹാജരാകാൻ കോടതി തുടർച്ചയായി സമൻസ് അയച്ചിട്ടും താരം പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് കർശന നടപടി. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നാണ് പ്രകാശ് രാജിന്റെ പ്രതികരണം.

