അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതോടെ, ഇന്ത്യൻ പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ ലാഭം ഇറാൻ യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. എന്നാൽ, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര വിപണിയിൽ ചില്ലറ വില വർധിപ്പിക്കാതെ ദീർഘനാൾ പിടിച്ചുനിർത്തിയത് കമ്പനികളുടെ കടബാധ്യത കൂട്ടിയതായി ജെ.പി. മോർഗന്റെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുദ്ധത്തിന്റെ തുടക്കത്തിൽ ബാരലിന് 120 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില നിലവിൽ 77.5 ഡോളറിലേക്ക് താണിട്ടുണ്ട്. ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ജൂണിലെ ശരാശരി വില ബാരലിന് 89 ഡോളറാണെന്നും ജൂൺ 19-ഓടെ ഇത് 78 ഡോളറായി കുറഞ്ഞെന്നും പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (PPAC) വ്യക്തമാക്കി.

